ഹിന്ദി ചലച്ചിത്രമേഖലയിൽ തനിക്ക് അവസരം നഷ്ടപ്പെട്ടെന്നും ഇതിന് പിന്നിൽ വർഗീയ കാരണങ്ങൾ ഉണ്ടായേക്കാമെന്നുമുള്ള സംഗീതസംവിധായകൻ എ.ആർ. റഹ്മാന്റെ വാക്കുകൾ ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. റഹ്മാനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ താൻ ആരെയും വേദനിപ്പിക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും ഇന്ത്യയോടുള്ള സ്നേഹം തനിക്ക് വലുതാണെന്നും റഹ്മാൻ പറഞ്ഞു. ഇന്ത്യയിലെ ബഹുസ്വരതയും സാംസ്കാരിക പൈതൃകവുമാണ് തന്റെ സംഗീതത്തിന് പ്രചോദനമെന്ന് അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
"സംഗീതം എപ്പോഴും നമ്മുടെ സംസ്കാരം ബന്ധിപ്പിക്കാനും ആഘോഷിക്കാനും ബഹുമാനിക്കാനുമുള്ള ഒരു മാർഗമാണ്. ഇന്ത്യ എന്റെ പ്രചോദനമാണ്, എന്റെ ഗുരുവും എന്റെ വീടുമാണ്. ചിലപ്പോൾ ഉദ്ദേശ്യങ്ങൾ തെറ്റായി മനസിലാക്കിയേക്കാം. പക്ഷേ എന്റെ ലക്ഷ്യം എല്ലായ്പ്പോഴും സംഗീതത്തിലൂടെ രാജ്യത്തെ ഉയർത്തുക, ബഹുമാനിക്കുക, സേവിക്കുക എന്നതായിരുന്നു. ആരെയും വേദനിപ്പിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, എന്റെ സത്യസന്ധത മനസിലാക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.
ഇന്ത്യക്കാരനായിരിക്കുന്നതിൽ ഞാൻ അനുഗ്രഹീതനാണ്. ഇത് എപ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ബഹുസ്വരതയുടെയും ആഘോഷത്തിന്റെയും ഇടം സൃഷ്ടിക്കാൻ എന്നെ അനുവദിക്കുന്നു.
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ച WAVES ഉച്ചകോടിയിലെ 'ഝാല' എന്ന സൃഷ്ടി മുതൽ, യുവ നാഗാ സംഗീതജ്ഞരുമായുള്ള സഹകരണം, ഒരു സ്ട്രിംഗ് ഓർക്കസ്ട്ര സൃഷ്ടിച്ചത്, സൺഷൈൻ ഓർക്കസ്ട്രയെ മെന്റർ ചെയ്തത്, ഇന്ത്യയുടെ ആദ്യത്തെ ബഹുസാംസ്കാരിക വെർച്വൽ ബാൻഡായ സീക്രട്ട് മൗണ്ടൻ നിർമിച്ചത്, ഹാൻസ് സിമ്മറിനൊപ്പം രാമായണത്തിന് സംഗീതം നൽകിയ ബഹുമതി വരെ.
ഓരോ യാത്രയും എന്റെ ലക്ഷ്യത്തെ ശക്തിപ്പെടുത്തി. ഈ രാജ്യത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു. റഹ്മാൻ പറഞ്ഞു.
കഴിഞ്ഞ എട്ട് വർഷമായി ഹിന്ദി ചലച്ചിത്ര മേഖലയിലെ മാറ്റങ്ങൾ കാരണം തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും ഇതിൽ വർഗീയമായ കാരണങ്ങൾ ഉണ്ടായേക്കാമെന്നുമാണ് എ.ആർ. റഹ്മാൻ അഭിമുഖത്തിൽ സൂചിപ്പിച്ചത്. ബോളിവുഡിലെ അധികാരഘടനയിൽ മാറ്റമുണ്ടായി.
അധികാരത്തിലുള്ളവർ സർഗാത്മകതയില്ലാത്തവരാണ്. ചിലപ്പോൾ അതിന് പിന്നിൽ വർഗീയ മാനങ്ങളുമുണ്ടാവാമെന്നും റഹ്മാൻ പറഞ്ഞിരുന്നു. ഇതാണ് പിന്നീട് ചർച്ചകൾക്ക് വഴിവെച്ചത്.